മലയാളത്തിൽ. 54 വർഷം മുൻപ് പെയ്തിറങ്ങിയ ഇന്ത്യയിലെ ‘ ആദ്യ യഥാർത്ഥ സ്റ്റീരിയോ സംഗീതാനുഭവം. ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കളുടെ സ്ഥാനബോധവും, അവ എത്ര അകലെയാണ് എന്ന കേൾവി ബോധവും കേൾവിക്കാരനിൽ ഉളവാക്കുന്ന ഇലക്ട്രോണിക്സ് ഓഡിയോ ശബ്ദ ശ്രോതസിനെയാണ് നാം സ്റ്റീരിയോ ഫോണിക് അഥവാ സ്റ്റീരിയോ എന്ന് ചുരുക്കി വിളിക്കുന്നത്. സ്റ്റീരിയോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് സ്റ്റീരിയോ ഫോണിക് എന്ന പദം ടെക്നോളജിയുടെ ഇലക്ട്രോണിക്സ് ശാഖ കടമെടുത്തത്.സുദൃഡവും വ്യക്തവുമായ ശബ്ദം എന്നാണിതിന് ഗ്രീക്ക് അർത്ഥം. ഫോട്ടോഗ്രാഫി മേഖലയിൽ സ്റ്റീരിയോയുടെ അർത്ഥം വേറെയാണ്. സംഗീതം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഗ്രാമഫോൺ റിക്കോഡുകൾ മുതൽ അവയിൽ ശബ്ദം ആലേഖനം ചെയ്തു വന്നിരുന്നത് മോണോ ഫോണിക് രീതിയിലാണ്. സ്റ്റീരിയോ സംഗീതം കേൾവിക്കാരിലേക്ക് ചിലവ് കുറച്ച് എത്തിക്കുന്നതിൽ പഴയ കാല ഇലക്ട്രോണിക്സ് കമ്പനികൾ വിജയിച്ചതോടെ ഇത്തരം ഉൽപ്പന്നങ്ങൾ അനുവാചകരിൽ ഇതിൻ്റെ കേൾവി സുഖം മൂലം വൻ തരംഗമായി മാറി . ഇനി ഇന്ത്യയിലെ സ്റ്റീരിയോ സംഗീതത്തിൻ്റെ തുടക്കത്തേക്കുറിച്ച് അൽപ്പം ചില വിവരങ്ങൾ വായിക്കാം. 2021 മാർച്ച് നാലിന് അമേരിക്കയിലെ ബേവർലി ഹില്ലിൽ തൻ്റെ 86 ആം വയസിൽ അന്തരിച്ച പാലക്കാട്ട് കാരൻ ഭാസ്ക്കർ മേനോനോടാണ് ഇന്ത്യയിലെ ആദ്യ സ്റ്റീരിയോ ഫോണിക് സംഗീത റിക്കോഡുകളും, കാസറ്റുകളും പുറത്തിറക്കിയതിന് ഇന്ത്യൻ സംഗീത ലോകം കടപ്പെട്ടിരിക്കുന്നത്. ലോക സംഗീത വിപണിയിൽ സ്റ്റീരിയോ ഫോണിക് സംഗീതം ആലേഖനം ചെയ്ത LP റിക്കോഡുകൾ പുറത്തിറങ്ങി അധികം കാലതാമസമില്ലാതെ തന്നെ ഇന്ത്യയിലും സ്റ്റീരിയോ സംഗീതം എത്താൻ കാരണം സംഗീതപ്രേമിയും ഒപ്പം തന്നെ ലോകത്തിറങ്ങുന്ന പുതിയ സൗണ്ട് ടെക്നോളജിയിൽ പരിണിതപ്രജ്ഞനുമായ ഭാസ്ക്കർ മേനോനായിരുന്നു. EMI എന്ന ലോകപ്രശസ്തമായ അമേരിക്കൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗമായ ഗ്രാമഫോൺ കമ്പനി ഇന്ത്യാ ലിമിറ്റഡിൽ 1957 ൽ തൻ്റെ 23 ആം വയസിൽ മാനേജ്മെൻ്റ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച ഭാസ്കർ മേനോൻ്റെ നിരന്തര പരിശ്രമവും, ജോലിയോടുള്ള അർപ്പണബോധവും വിലയിരുത്തി EMI കമ്പനി 1969 ൽ ഗ്രാമഫോൺ കമ്പനി ഇന്ത്യയുടെ ചെയർമാൻ പദവിയിലേക്ക് പ്രൊമോട്ട് ചെയ്തു. വിദേശത്ത് ആദ്യമായി ഒരു സ്റ്റീരിയോ LP പഞ്ച്ഡ് റിക്കോഡ് പുറത്തിറങ്ങിയത് 1958 ൽ AFSD 5882 നമ്പരായി Mallet Mischief എന്ന സംഗീത ആൽബമാണ്. ഓഡിയോ ഫിഡിലിറ്റി എന്ന അമേരിക്കൻ കമ്പനിയാണ് ഇത് പുറത്തിറക്കിയത്. ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങിയ പഞ്ച്ഡ് LP STEREO റിക്കോഡ് ASD 2295 എന്ന നമ്പരിൽ EMI 1967ൽ പുറത്തിറക്കിയ ബിസ്മില്ലാ ഖാൻ്റെ ഷഹനായി കച്ചേരിയാണ്. കൽക്കട്ടയിലെ ഡംഡമ്മിലെ ഗ്രാമഫോൺ കമ്പനിയിലാണ് ഈ LP റിക്കോഡ് പഞ്ച് ചെയ്തത്. ഇത് പക്ഷേ ഒരു വോക്കൽ കൺസേർട്ട് ആയിരുന്നില്ല. വാദ്യോപകരണ വായന മാത്രമായിരുന്നു. ഒരു ഗായകൻ്റെ ശബ്ദം റിക്കോഡ് ചെയ്ത യഥാർത്ഥ ആദ്യ ഇന്ത്യൻ വോക്കൽ സ്റ്റീരിയോ പഞ്ച്ഡ് LP റിക്കോഡ് 1969 ൽ HMV പുറത്തിറക്കിയ ECSD 2425 നമ്പരായ സ്വീറ്റ് മെലഡീസ് ഓഫ് കെ ജെ യേശുദാസ് എന്ന ലളിതഗാന സമാഹാരമാണ്. 1 കലയുടെ സർഗമുഖങ്ങൾ. 2 മരതക പട്ടുടുത്ത്. 3 ഒരു മോഹലതികയിൽ. 4 കരിനീല കണ്ണുള്ള പെണ്ണേ. 5 ഈ ലോക ഗോളത്തിൽ. 6 മതിലേഖ വീണ്ടും. 7 തുയിലുണരൂ. 9 ഓണക്കോടി. 10 കരളിൻ കിളിമരത്തിൽ. 11 ഒരു കരി മൊട്ടിൻ്റെ 12 കളിയാക്കുമ്പോൾ. 13 കണി കണ്ടുണരുവാൻ. എന്നീ ഗാനങ്ങളാണ് ഈ LP റിക്കോഡിൽ ഉൾപ്പെടുത്തിയിരുന്നത്.ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് ദക്ഷിണാമൂർത്തി സ്വാമിയാണ് ഈണം പകർന്നത്. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിൽ 8 ട്രാക്കിൽ കാലിഞ്ച് മാഗ്നെറ്റിക് ടേപ്പിൽ മാസ്റ്റർ റിക്കോഡ് ചെയ്ത സ്പൂൾ ടേപ്പ് EMI യുടെ ലണ്ടൻ സ്റ്റുഡിയോയിൽ എത്തിച്ച് സ്റ്റീരിയോ റിക്കോഡ് പ്രസ്സിങ്ങ് ഡൈ തയ്യാറാക്കി കൽക്കട്ടയിലെ ഗ്രാമഫോൺ ഇന്ത്യയുടെ പ്ലാൻ്റിൽ എത്തിച്ചാണ് ഈ റിക്കോഡുകൾ നിർമ്മിച്ചത്. അന്നത്തെ ഈ LP റിക്കോഡുകൾ ഇപ്പോഴും മിൻ്റ് കണ്ടീഷനിൽ കയ്യിലുള്ളവർ പറയാറുണ്ട് ഈ റിക്കോഡിൻ്റെ സ്റ്റീരിയോ ക്വാളിറ്റിയും, ശബ്ദ ശുദ്ധിയും. തുടർന്നാണ് ECSD 2426 എന്ന നമ്പരിൽ സ്റ്റീരിയോ LP റിക്കോഡായി ലതാ മങ്കേഷ്ക്കർ പാടിയ ഹിന്ദി ഗാനങ്ങൾ പോലും പുറത്തിറങ്ങിയത്. അങ്ങനെ ഇന്ത്യൻ സംഗീത ചരിത്രത്തിൽ ആദ്യമായി ഒരു ഗായകൻ പാടിയ ഗാനങ്ങൾ സ്റ്റീരിയോ ഫോണിക് സൗണ്ടിലൂടെ പുറത്തിറങ്ങിയത് മലയാളത്തിലായി. മലയാളത്തിൽ ഇന്ത്യയിലാദ്യമായി ഒരു സ്റ്റീരിയോ ഫോണിക് ശബ്ദാനുഭവം പുറത്തിറങ്ങിയതോടെ ഇതെന്താണെന്ന് കേൾക്കാനും, അനുഭവിക്കാനും സാങ്കേതിക തൽപ്പരരായ മലയാളികൾക്കിടയിൽ വല്ലാത്ത ജിജ്ഞാസയായി.. ഇതായിരിക്കും കേരളത്തിൽ സംഗീത വിപണി ഇത്ര വളരാനും,ഇലക്ട്രോണിക്സ് അസംബ്ലിങ്ങ് സർവ്വീസ് രംഗത്തേക്ക് മലയാളികൾ ധാരാളമായി കടന്ന് വരാനുമുള്ള സാഹചര്യം ഒരുക്കിയതെന്ന് തോന്നുന്നു. ഇതിന് കാരണക്കാരനായ പാലക്കാട്ട് കാരൻ ഭാസക്കർ മേനോൻ 1893 ൽ എമിൽ ബെർലനർ സ്ഥാപിച്ച ഗ്രാമഫോൺ കമ്പനി, HMV, കൊളംബിയ റിക്കോഡ്സ്, വെർജിൻ റിക്കോർഡ്സ്, ക്യാപ്പിറ്റൽ റിക്കോഡ്സ് തുടങ്ങിയ ലോക പ്രശ്സ്ത മ്യൂസിക് കമ്പനികളെ നിയന്ത്രിക്കുന്ന EMI റിക്കോഡ്സ് എന്ന അമേരിക്കൻ കമ്പനിയുടെ ഉടമയായി മാറി എന്നത് ചരിത്രം. 1972 ൽ വല്ലാത്തൊരു സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുലഞ്ഞ EMI കമ്പനി അവരുടെ ഇന്ത്യൻ ഡിവിഷൻ ലാഭകരമായി നടത്തുന്ന ഭാസ്കർ മേനോനെ അമേരിക്കയിലേക്ക് വിളിക്കുകയും കമ്പനി ചുമതല ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹം അന്ന് ഉദിച്ചുയരുന്ന ബ്രിട്ടീഷ് റോക്ക് ബാൻഡായ പിങ്ക് ഫ്ലോയിഡുമായി വ്യക്തിപരമായ സൗഹൃദം സ്ഥാപിക്കുകയും അവരുടെ അമേരിക്കയിലെ പ്രൊമോഷനും, മാർക്കറ്റിങ്ങും ഏറ്റെടുക്കുകയും ചെയ്തു. 1973 ൽ അവരുടെ ആദ്യ അമേരിക്കൻ LP റിക്കോഡ് പുറത്തിറക്കുകയും, അത് ലോകവ്യാപക ഹിറ്റായി മാറുകയും ചെയ്തു.40 മില്യൺ റിക്കോഡുകളാണ് അന്ന് വിറ്റ് പോയത്. ഇതോടെ EMI കമ്പനി വൻ ലാഭത്തിലേക്ക് കുതിക്കുകയും കാലക്രമേണ ഭാസ്ക്കർ മേനോൻ EMI റിക്കോർഡ്സിൻ്റെ ചെയർമാനായി മാറുകയും ചെയ്തു. 2004ൽ EMI ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയും ഗ്രാമഫോൺ കമ്പനിയും, അനുബന്ധ സ്ഥാപനങ്ങളും, HMV ,EMI യും മറ്റും 14 ഇന്ത്യൻ ഭാഷകളിൽ പുറത്തിറക്കിയ ലക്ഷക്കണക്കിന് ഗാനങ്ങളുടെ കോപ്പിറൈറ്റും RP ഗോയങ്ക ഗ്രൂപ്പിന് കൈമാറുകയും ചെയ്തു. RP ഗോയങ്കാ ഗ്രൂപ്പിൻ്റെ സരിഗമ ഇന്ത്യാ ലിമിറ്റഡിനാണ് ഇവയുടെ വിതരണാവകാശം. വളരെ അപൂർവ്വമായ ഇന്ത്യയിലെ ആദ്യ സ്റ്റീരിയോ സംഗീത LP റിക്കോഡ് ECSD 2425 കേരളത്തിലെ പ്രമുഖ വിൻ്റേജ് കളക്റ്റർമാരിൽ ഒരാളായ അനീഷ് ബ്രഹ്മമംഗലത്തിൻ്റെ കൈവശമുള്ളത് ഞാൻ നേരിൽ കണ്ടിട്ടുള്ളതും, അതിൻ്റെ ശബ്ദ സൗകുമാര്യത ആസ്വദിച്ചിട്ടുള്ളതുമാണ്.. അതിൻ്റെ ഫോട്ടോയാണ് ചിത്രത്തിൽ.
അജിത് കളമശേരി
admin bpp