ഇന്ത്യ ഇത് ആദ്യമായാണ് സൂര്യനെകുറിച്ച് പഠിക്കാൻ ഒരു ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നത്. ആദിത്യ എൽ1 എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വിജയിച്ചാൽ നാസയ്ക്കും യൂറോപ്യൻ സ്പേസ് ഏജൻസിക്കും ശേഷം ഒരു കൃത്രിമ ഉപഗ്രഹത്തെ ലെഗ്രാൻജിയൻ പോയിന്റിൽ എത്തിക്കുന്ന മൂന്നാമത്തെ ബഹിരാകാശ സംഘടനയാകും ISRO.
ആദിത്യ എൽ-1 അടിസ്ഥാനപരമായി ഒരു ബഹിരാകാശ ദൂരദർശിനിയാണ്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുക, സൗരജ്വാലകൾ ഭൂമിയിൽ പതിച്ചാൽ എന്ത് തരത്തിലുള്ള ആഘാതം ഉണ്ടാക്കും, സൂര്യന് സമീപമുള്ള ഗ്രഹങ്ങളിൽ പ്രത്യേകിച്ച് ഭൂമിയുടെ ബഹിരാകാശ മേഖലയിൽ അത് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെ കുറിച്ചെല്ലാം കൂടുതലറിയാനും ഇതിലൂടെ കഴിയും. നമ്മുടെ ഉപഗ്രഹങ്ങളെയും വൈദ്യുത ഗ്രിഡുകളെയും തകരാറിലാക്കുന്ന സൗരോർജ്ജ കൊടുങ്കാറ്റുകൾക്കെതിരെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിന് സൂര്യനെ നിരന്തരം നിരീക്ഷിക്കുക എന്ന ആശയത്തിൽ നിന്നാണ് ഇങ്ങനെയൊരു ദൗത്യം.
ബെംഗളൂരുവിലെ യുആർ റാവു സാറ്റ്ലൈറ്റ് സെന്ററിൽ നിർമിച്ച ആദിത്യയുടെ വിക്ഷേപണം2023 സെപ്റ്റംബർ രണ്ടിനാണ്. ഭൂമിയിൽനിന്ന് 800 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലേക്ക് PSLV -XL റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കുന്ന പേടകം പിന്നീട് സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വബലങ്ങൾ പരസ്പരം നിർവീര്യമാക്കപ്പെടുന്ന സ്ഥാനങ്ങളിൽ ഒന്നായ എൽ1 (Lagrangian Point -1) പോയിന്റിൽ എത്തും. ആദിത്യ L1 എന്നതിലെ എൽ1 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥാനം. ചന്ദ്രനിലേക്കുള്ള ദൂരത്തെക്കാൾ നാല് മടങ്ങ് അകലെയുള്ള ഇവിടേക്ക് നാലു മാസത്തെ യാത്ര പേടകത്തിനുണ്ടാവും. ഭൂമിയുമായി ബന്ധപ്പെട്ട് എല്ലായിപ്പോഴും സ്ഥിരമായ ഒരു സ്ഥാനം നിലനിർത്താൻ ഈ സ്ഥാനം പേടകത്തെ സഹായിക്കും. മാത്രമല്ല ലെഗ്രാൻജിയൻ പോയിന്റുകളിൽ നിർത്തിയിരിക്കുന്ന പേടകത്തിന് രാത്രി പകൽ വ്യത്യാസമോ ഗ്രഹണങ്ങളോ സംതരണങ്ങളോ ഒന്നും തടസ്സമാകാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാനും സാധിക്കും.
ഭൂമിയുൾപ്പടെ എല്ലാ ഗ്രഹങ്ങൾക്കും ‘ഗ്രാവിറ്റി ലോക്ക്ഡ്’ ആയ ഇത്തരം സ്ഥാനങ്ങളുണ്ട്. ഗ്രഹത്തിന്റെ ഗുരുതുബലം കാരണം ഇവിടെയുള്ള വസ്തുകൾ ഒരു ‘ലോക്ക്ഡ്’ അവസ്ഥയിൽ ആയിരിക്കും. ഇവയ്ക്ക് സ്വതന്ത്ര ചലനമില്ല. 1772ൽ ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലെഗ്രാൻജെയാണ് ഇത്തരം സ്ഥാനങ്ങളേപ്പറ്റി ആദ്യമായി പ്രവചിച്ചത്. അതുകൊണ്ടാണ് ഇത്തരം സ്ഥാനങ്ങളെ ലഗ്രാൻജിയൻ പോയിന്റുകൾ എന്ന് വിളിക്കുന്നത്. ഒരു ബഹിരാകാശ പേടകത്തെ ഇത്രയും ദൂരെയുള്ള ബഹിരാകാശത്തെ ഒരു ബിന്ദുവിൽ കൃത്യമായി സ്ഥാപിക്കുന്നത്, അങ്ങേയറ്റത്തെ വൈദഗ്ധ്യം ആവശ്യപ്പെടുന്ന ഒരു പ്രവൃത്തിയാണ്. മാത്രമല്ല പേടകത്തെ അവിടെ തന്നെ കൃത്യമായി നില നിർത്തുക എന്നത് അതിലും കഠിനമാണ്.
378 കോടി രൂപയാണ് ആദിത്യ എൽ1 ദൗത്യത്തിനു പ്രതീക്ഷിക്കുന്ന ചെലവ്
Bhasheer
admin bpp