1930കളിൽ തിരുവിതാംകൂർ പൊലീസിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഒ.എം. ബെൻസ്ലിയുടെ കാലത്താണ് ആദ്യമായി സേനയിൽ വനിത പൊലീസുകാരെ നിയോഗിച്ചത്.ഏകദേശം 35 പണം (ഇന്നത്തെ അഞ്ചുരൂപയോളം) ആയിരുന്നു ആദ്യ പൊലീസുകാരികളുടെ ശമ്പളം.അന്നു വനിതകൾക്കു വിവാഹം പാടില്ല എന്ന കർശന വ്യവസ്ഥ ഉണ്ടായിരുന്നു. 1962ൽ മന്ത്രിയായ കെ. ആർ ഗൗരിയമ്മയാണു വനിത പൊലീസുകാർ ക്കു വിവാഹിതരാകാമെന്ന നിയമഭേദഗതി കൊണ്ടുവന്നത്.
തിരുവിതാംകൂർ പൊലീസിൽ നിയമനം ലഭിച്ച കുഴിത്തുറ സ്വദേശിനി കമലമ്മയാണു ആദ്യ വനിതാ പൊലീസ് എന്നാണു രേഖകൾ പറയുന്നത്. അഞ്ചുവർഷത്തെ പരിശീലന ത്തിനു ശേഷമാണു ജോലിയിൽ പ്രവേശിക്കു ന്നത്. വിവാഹിതയായെങ്കിലും അക്കാര്യം മറച്ചുവയ്ക്കേണ്ടിവന്നിരുന്നു കമലമ്മയ്ക്ക്.
മറ്റു നിബന്ധനകളും അതികർശനമായിരുന്നു. ആഴ്ചയിലൊരുദിവസം ഞായറാഴ്ച മാത്രം രണ്ടുമണിക്കൂർ നേരത്തേക്കു വീട്ടിൽ പോകാം. വീട്ടുകാർ ആരെങ്കിലും വന്നാൽ അവർ പുറത്തുനിൽക്കണം. പെരുമാറ്റച്ചട്ടവും അതീവകർശനം. പുറത്തുള്ളവരോടു സംസാരി ക്കുന്നതിനുപോലും നിയന്ത്രണമായിരുന്നു അക്കാലത്ത്.
ആദ്യവനിതാ പൊലീസിനു പുരുഷന്മാരെപ്പോലെ ട്രൗസറും , ഷർട്ടുമായിരുന്നു യൂണിഫോം. പിന്നെ യതു പച്ച ബ്ലൗസും ,പച്ചക്കര സാരിയുമായി. പ്രതികളെപ്പിടിക്കാൻ ഓടുന്നതുമുതൽ പൊതുജനമധ്യത്തിൽ അവഹേളിക്കപ്പെടാൻ വരെ സാരി വഴിവച്ചു. പിടിയിലാകുന്ന പെൺ പ്രതികളടക്കം രക്ഷപ്പെടാനായി വനിതാ പൊലീസിന്റെ ‘സാരി വലിച്ചഴിക്കു’ന്നതു പതിവാക്കിയതോടെ യൂണിഫോം വീണ്ടും മാറി . മുത്തങ്ങ സമരത്തിനിടെ ഇതുപോലെയുണ്ടായ തോടെയാണു പാന്റ്സും ഷർട്ടും പൊലീസിൽ ച്ചേരുന്നത്.
കാക്കി പാന്റ്, ഇൻ ചെയ്യാത്ത ഷർട്ട് എന്ന മട്ടിലായിരുന്നു ആ മാറ്റം. ഷർട്ടിനു മുകളിൽ ബെൽറ്റുമുണ്ട്. അതിനു ശേഷമാണു പുരുഷന്മാരുടേതു പോലെ ഇൻ ചെയ്ത ഷർട്ടും , കാക്കി പാന്റ്സും ബെൽറ്റുമടങ്ങുന്ന യൂണിഫോം വന്നത്.
വനിതകൾക്കു സ്റ്റേഷൻ ഹൗസ് ഓഫിസർ പദവി നൽകാൻ തീരുമാനം വന്ന സമയത്ത് എല്ലാ ജില്ലകളിലും സിഐ റാങ്കിലുള്ള വനിതകളെ യാണ് എസ്എച്ച്ഓ ആക്കിയത്. ആദ്യ കാലങ്ങളിൽ ശബരിമല സീസണിൽ പമ്പയിൽ മാത്രമാണു വനിത പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. പിന്നീട് ആചാരങ്ങൾ മാനിച്ച് 50 വയസ്സു കഴിഞ്ഞവരെ സന്നിധാന ത്തും ഡ്യൂട്ടിയിട്ടു. പോക്സോ കേസുകളിൽ ഇരകളുടെ മൊഴിയെടുക്കുന്നതു വനിത എഎസ്ഐമാരാണ്.
കേരളത്തിലെ പൊലീസ് സേനയുടെ അവിഭാജ്യ ഘടകമാണ് ഇന്നു വനിതാപൊലീസ്. പുതുവർഷ ത്തിൽ കേരളത്തിലെ വനിതാപൊലീസ് വിഭാഗത്തിന് 88 വയസ്സ് ആവുകയാണ്. നിലവിൽ ആകെ പൊലീസ് സേനയുടെ 10%ആണു വനിതകളെന്നാണു കണക്ക്. 2018വരെ ഏകദേശം 4304 വനിതാപൊലീസു കാരാണുള്ളത്.സംസ്ഥാനത്ത് ആദ്യമായി ക്രൈംബ്രാഞ്ചിൽ 51 വനിതാ പൊലീസുകാരെ നിയമിച്ചതു 2019ൽ ആണ്. 51 പേരാണ് ആദ്യബാച്ചിൽ നിയമിതരായത്. സ്ത്രീ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും നേരത്തെ ലോക്കൽ പൊലീസിൽ നിന്നു വനിതാ പൊലീസുകാരെ വിളിക്കുകയാ യിരുന്നു പതിവ്.
ആദ്യ വനിത പൊലീസ് ബറ്റാലിയന്റെ പാസിങ് ഔട്ട് പരേഡ് നടന്നത് 2018 ഒക്ടോബറിൽ. ആകെ 578 പേരടങ്ങുന്ന വനിതാ ബറ്റാലിയനി ൽ 44 പേരാണ് കമാൻഡോ പരിശീലനം പൂർത്തിയാക്കിയത്. വനിതാ ഇൻസ്ട്രക്ടർ മാർക്കു കീഴിൽ വിദഗ്ധ പരിശീലനവും , ഇ–ലേണിങ് സംവിധാനത്തിലൂടെയും പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചാണിത്.
ദുരന്ത നിവാരണം, കളരി, യോഗ, കരാട്ടെ, നീന്തൽ, ഡ്രൈവിങ്, കംപ്യൂട്ടർ, ആയുധ പരിപാലനം, വനപരിശീലനം, പ്രഥമ ശുശ്രൂഷ എന്നിവയിൽ വിദഗ്ധ പരിശീലനവും ഉണ്ട്. നേരിട്ടു നിയമനം ലഭിച്ച വനിതാ സബ് ഇൻസ്പെക്ടർമാരും പൊലീസ് സേനയുടെ ഭാഗമാകുന്നത് 2019ൽ തന്നെ. 121 പേരുടെ ബാച്ചിൽ 31 വനിതകളായിരുന്നു.
1973 ഒക്ടോബർ 27ന് ആണ് കോഴിക്കോട് പാവമണി റോഡിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു തൊട്ടുമുന്നിലെ ഒറ്റമുറി കെട്ടിടത്തിൽ ഏഷ്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്നത്തെ പൊലീസ് ഐജി ശിങ്കാരവേലു മുന്നോട്ടുവച്ച ആശയത്തിൽ നിന്നാണ് കോഴിക്കോട്ടെ വനിതാ പൊലീസ് സ്റ്റേഷൻ സാധ്യമായത്. ഡിഐജി സ്റ്റീഫൻ മാഞ്ഞൂരാനും അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.എ.ജോസഫും അടക്കമുള്ളവർ പിന്തുണയുമായെത്തുകയായിരുന്നു .
ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേരിട്ടെത്തി. ഉദ്ഘാടനച്ചടങ്ങിനു ശേഷം വനിതാ പൊലീസ് സ്റ്റേഷന്റെ അകത്തു കയറിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്റ്റേഷനിലെ റജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. ഒപ്പിട്ട ശേഷം പേന അന്ന് സ്റ്റേഷനിലെ ആദ്യ എസ്ഐയായി ചാർജെടുത്ത എം.പത്മിനിയമ്മയ്ക്കു സമ്മാനിച്ചു.
ഇന്ദിരാഗാന്ധിയിട്ട ഒപ്പും , ആ പുസ്തകവും ഇന്ന് പൊലീസ് മ്യൂസിയത്തിലാണ് സൂക്ഷിച്ചി രിക്കുന്നത്. 50 വർഷം മുൻപ് വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇന്ന് പൊലീസ് മ്യൂസിയം പ്രവർത്തിക്കുന്ന ത്. പൊലീസ് സ്റ്റേഷൻ 1997ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറിയിരുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരുന്ന സമയത്താണ് സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും സ്ത്രീകള്‍ക്ക് തന്നെയാണ് സാധിക്കുകയെന്ന ബോധ്യത്തില്‍ ഒരു വനിതാ പോലീസ് സ്റ്റേഷനെന്ന ആശയം മുന്നോട്ട് വെക്കുന്നത് .1973 ല്‍ സി അച്യുത മേനോന് മുഖ്യമന്ത്രിയും , കെ കരുണാകരന് ആഭ്യന്തര മന്ത്രിയുമായ കാലഘട്ടത്തിലാണ് കോഴിക്കോട് രാജ്യത്തെ ആദ്യത്തെ വനിതാ സ്റ്റേഷന് ഉദ്ഘാടനം ചെയ്യുന്നത് .
പത്തുപോലീസുകാരുമായി ആരംഭിച്ച പോലീസ് സ്റ്റേഷനിലെ എസ് ഐയാകാന്‍ നറുക്ക് വീണത് തിരുവനന്തപുരം സ്വദേശി പത്മിനിക്കാണ് .
1973 മുതല്‍ 1979 വരെ കോഴിക്കോട് താമസിച്ച് സേവനമനുഷ്ഠിച്ച ഇവര്‍ എസ്പി ആയാണ് വിരമിച്ചത് . ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ 1973ൽ കോഴിക്കോട്ടു വന്നെങ്കിലും ഇവിടെ കേസെടുക്കാനുള്ള അധികാരം കിട്ടിയത് 1974ൽ മാത്രമാണ്.
ആദ്യ കാലങ്ങളിൽ പൊലീസ് സേനയിൽ എസ്ഐ ആയി വനിതകളെ നേരിട്ടു നിയമിക്കുന്ന രീതി ഇല്ലായിരുന്നു, കോൺസ്റ്റബി ളായും മറ്റും സേനയിലെത്തിയവർ ഉദ്യോഗ ക്കയറ്റം നേടിയാണ് എസ്ഐ ആകുന്നത്. പിന്നീട് എസ്ഐ ആയി ജോലിക്ക് അപേക്ഷി ക്കുന്നതിനു സ്ത്രീകൾക്കും അവസരം നൽകി ഉത്തരവിറങ്ങി. അങ്ങനെ 2019 ൽ, വനിതകൾ കൂടി ഉൾപ്പെട്ട എസ്ഐമാരുടെ ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കിയിറങ്ങി. 121 എസ്ഐമാരിൽ 37 വനിതകളാണ് ഉൾപ്പെട്ടത്.
എസ്ഐ ട്രെയ്നിങ് കാലത്തു പുരുഷന്മാർ ക്കൊപ്പം തന്നെയാണു പരിശീലനം. അതിൽ സ്ത്രീയെന്ന പരിഗണന ഇല്ല. തീവ്രവാദം നേരിടുന്നതിനുള്ള പ്രത്യേക കമാൻഡോ ട്രെയ്നിങ് അടക്കം നേടിയ ശേഷമാണു ബാച്ച് പാസ് ഔട്ട് ആകുന്നത്. ഡ്യൂട്ടിയിലും ആൺപെൺ വേർതിരിവില്ല .പൊലീസ് അക്കാദമിയിൽ നിന്ന് ‘അടിയും തടയും’ മാത്രമല്ല, ഡ്രൈവിങ്ങും പരിശീലിപ്പിക്കുന്നുണ്ട് . സേനയിൽ കഴിയുന്നത്ര വനിതകൾ ബുള്ളറ്റ് ഓടിക്കാൻ പഠിക്കണമെന്നാണ് നിർദേശം .
പൊലീസ് അക്കാദമിയിൽ പരിശീലനത്തിന്റെ ഭാഗമായി ടൂവീലറും ഫോർവീലറും പഠിപ്പിച്ചു ലൈസൻസ് എടുപ്പിക്കും. പക്ഷേ, അതിൽ ബുള്ളറ്റ് പെടില്ല. കുറച്ചുകൂടി ഭാരമുള്ള, അങ്ങനെ മെരുങ്ങാത്ത ബുള്ളറ്റിനെ കൈകാര്യം ചെയ്യാൻ തക്ക സ്കില്ലുള്ളവരെ തിരഞ്ഞെടുത്ത് സ്പെഷൽ ടീമുണ്ടാക്കും.
ഇന്ന് കേരള പൊലീസിൽ നിന്നു ‘വനിത പൊലീസി’നെ ഒഴിവാക്കിയിട്ടുണ്ട്. ഞെട്ടേണ്ട, ഔദ്യോഗിക സ്ഥാനങ്ങൾക്കു മുന്നിൽ വനിതയെന്നു ചേർത്ത് അഭിസംബോധന ചെയ്യുന്ന രീതിയാണു അവസാനിപ്പിച്ചത്. പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണു ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പക്ഷേ, പലർക്കും അവരിപ്പോഴും വനിത പൊലീസ് തന്നെയാണ്. വനിത പൊലീസിനെ അങ്ങനെ വിളിക്കാൻ പാടില്ലെങ്കിലും വനിത പൊലീസ് സ്റ്റേഷനെ അങ്ങനെ വിളിക്കാതിരിക്കാനാകില്ല.
ആദ്യകാലത്തു സ്ത്രീകൾ തന്നെ പ്രതിസ്ഥാന ത്തു വരുന്ന കേസുകളാണു പരിഗണിച്ചിരുന്ന തെങ്കിൽ ഇപ്പോൾ അതു മാറി .ഒരു എസ്ഐ യും ആറ് എഎസ്ഐമാരുമുൾപ്പെടെ 30 പൊലീസുകാരുണ്ട് ഇന്ന് കോഴിക്കോട് സ്റ്റേഷനിൽ . പിങ്ക് പൊലീസിന്റെ മൂന്നു വണ്ടികളും ഹെൽപ് ലൈനും സദാ സജീവം. സ്ത്രീകൾ പരാതിക്കാരായ എല്ലാത്തരം കേസുകളും പരിഗണിക്കും . ഗാർഹിക പീഡനം മുതൽ അടിപിടി കേസു വരെ ഇ പ്പോൾ മുന്നിലെത്തുന്നു.
കടപ്പാട്
admin bpp