നമ്മുടെ യാത്ര സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ സാമ്പത്തിക അച്ചടക്കം എന്നതിന് വലിയ പങ്കാണുള്ളത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പണം കൃത്യമായി കൈകാര്യം ചെയ്യേണ്ടതും
നമ്മുടെ യാത്ര സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ സാമ്പത്തിക അച്ചടക്കം എന്നതിന് വലിയ പങ്കാണുള്ളത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പണം കൃത്യമായി കൈകാര്യം ചെയ്യേണ്ടതും അത് സംബന്ധിച്ച് വ്യക്തമായി ആസൂത്രണം നടത്തേണ്ടതും അനിവാര്യമാണ്. ശരിയായ ആസൂത്രണം ഇല്ലാ എങ്കില്‍ വായ്പകളും കടങ്ങളും കൃത്യ സമയത്ത് വീട്ടിത്തീര്‍ക്കുവാന്‍ സാധിക്കാതെയും ബില്ലുകള്‍ പൂര്‍ണമായും അടച്ചു തീര്‍ക്കുവാന്‍ സാധിക്കാതെയും എപ്പോഴും സാമ്പത്തീക പരാധീനകതകളില് ജീവിച്ചു തീര്‍ക്കേണ്ടി വരും. ശമ്പളത്തില്‍ നിന്നും ശമ്പളത്തിലേക്ക് ഓടി ജീവിതം തീര്‍ക്കുന്നത് വളരെയധികം സമ്മര്‍ദങ്ങള്‍ നല്കുന്ന ഒരു ജീവിത രീതിയാണ്.
വരുമാനം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാം
നിങ്ങള്‍ക്ക് സ്ഥിരമായ ഒരു ജോലിയും നല്ലൊരു വരുമാനവും ഉണ്ടായിരിക്കാം. ആ വരുമാനത്താല്‍ നിങ്ങളുടെ നിത്യച്ചിലവുകള്‍ കൃത്യമായി നടന്നുപോവുകയും ചെയ്യുന്നുണ്ടാകും. എന്നാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു ആശുപത്രി വാസമോ, മറ്റോന്തെങ്കിലും അടിയന്തിര സാമ്പത്തിക ആവശ്യങ്ങളോ വന്നാല്‍ അത് നമ്മളെ സാമ്പത്തികമായി ആകെ ഉലച്ചു കളയും. എന്നാല്‍ കൃത്യമായ സാമ്പത്തിക അച്ചടക്കം ജീവിതത്തില്‍ പാലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുവാനും അതുവഴി തിളക്കമുള്ള ഒരു സാമ്പത്തിക ഭാവി നേടിയെടുക്കുവാനും സാധിക്കും.
സാമ്പത്തിക സാക്ഷരത
സാമ്പത്തിക സാക്ഷരത എന്നത് മറ്റേതൊരു ഭാഷയേയും പഠിച്ചെടുക്കുന്നതിന് സമാനമാണ്. നമുക്കതില്‍ സാമര്‍ത്ഥ്യം കൈവരിക്കണമെങ്കില്‍ നമ്മുടെ കൈയ്യിലുള്ള അറിവ് ഉപയോഗപ്പെടുത്തുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും വേണം. തീര്‍ച്ചയായും ചില പ്രയോഗങ്ങളെയും ആശയങ്ങളെയും കുറിച്ച് നമുക്ക് ധാരണയുണ്ടായിരിക്കേണ്ടതുണ്ട്. എന്നാല്‍ മറ്റേതൊരു പ്രവൃത്തിയേയും പോലെ തന്നെ പ്രവര്‍ത്തിച്ച് ശീലമാക്കുന്നതിലൂടെയാണ് പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നമുക്ക് അവബോധം വളരുന്നത്. പ്രായത്തിനോ, തൊഴിലിനോ, വരുമാനത്തിനേയോ കണക്കിലെടുക്കാതെ ഒരാളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ദൃഢമായ അറിവിലൂടെ അയാള്‍ക്ക് താന്‍ സമ്പാദിക്കുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഉത്തരവാദിത്വ ബോധത്തോടെ കാണുവാന്‍ സാധിക്കും.
സാമ്പത്തിക അച്ചടക്കം
സാമ്പത്തിക അച്ചടക്കം അല്ലെങ്കില്‍ പേഴ്സണല്‍ ഫൈനാന്‍സ് എന്ന് പറയുന്നത് അടിസ്ഥാനപരമായി ഒരു വ്യക്തിയുടേയോ, കുടുംബത്തിന്റെയോ സാമ്പത്തിക കാര്യങ്ങളുടെ നടത്തിപ്പും കൈകാര്യം ചെയ്യലുമാണ്. നിക്ഷേപങ്ങള്‍, ചിലവുകള്‍, സമ്പാദ്യങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളിലായി ജീവിതത്തിലെ പല റിസ്കുകളും സംഭവങ്ങളും പരിഗണിച്ചുകൊണ്ട് നമ്മുടെ പണത്തെ കൈകാര്യം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ബഡ്ജറ്റിംഗ്, ബാങ്കിംഗ്, റിട്ടയര്‍മെന്റ് പ്ലാനിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങി സാമ്പത്തിക അച്ചടത്തിന്റെ പിന്നേയും പല തലങ്ങളുമുണ്ട്. ഒരു വ്യക്തിയുടെ ദീര്‍ഘകാല, ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളിലേക്കാണ് സാമ്പത്തിക അച്ചടക്കം പ്രധാനമായും ഉന്നമിടുന്നത്. നിങ്ങളുടെ പ്രതിമാസ ബില്ലുകളുടെ തിരിച്ചടവ് മുതല്‍ റിട്ടയര്‍മെന്റിന് വേണ്ടി ആസൂത്രണം ചെയ്യുന്നത് വരെ ഈ പറഞ്ഞ സാമ്പത്തിക അച്ചടക്കത്തില്‍ ഉള്‍പ്പെടും.
നിത്യ ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യം
ചെറിയ പ്രായത്തില്‍ തന്നെ സമ്പാദ്യം ആരംഭിക്കുന്ന ഒരു വ്യക്തിയുടെ ഭാവി ജീവിതവും സാമ്പത്തിക സുസ്ഥിരതയുള്ളതായിരിക്കും. അത്തരക്കാര്‍ക്ക് അപ്രതീക്ഷിതമായ ആവശ്യങ്ങള്‍ മുന്നിലെത്തിയാലും പരിഭ്രമിക്കാതെ മുന്നോട്ട് പോകുവാന്‍ സാധിക്കും. ഒരു ദിവസം ചെറിയ ഒരു തുകയെങ്കിലും സമ്പാദിക്കുന്നതിലൂടെ വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ആവശ്യമായ പണം സ്വന്തമാക്കുവാന്‍ സാധിക്കും. ഒപ്പം സ്ഥിരമായി നിക്ഷേപം നടത്തുന്നവര്‍ക്ക് മറ്റ് നേട്ടങ്ങളും സ്വന്തമാക്കാം. സാമ്പത്തിക അച്ചടക്കം എന്തുകൊണ്ട് നിത്യ ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് നമുക്ക് നോക്കാം.
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം
പലപ്പോഴും നമ്മള് ചിന്തിക്കുന്നതിനും അപ്പുറത്തേക്കാണ് സാമ്പത്തിക പ്രയാസങ്ങളും അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും വളരാറുള്ളത്. അതുകൊണ്ടുതന്നെ സാമ്പത്തികം എന്ന് പറയുമ്പോള്‍ നമുക്കും വിശാലമായ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണേണ്ടതുണ്ട്. തൊഴിലെടുക്കുക, വരുമാനം നേടുക എന്നതിനപ്പുറത്തേക്ക് ചിന്തിച്ചു തുടങ്ങണം. പണം ഉണ്ടാക്കിയ ഉടനെ അത് ചിലവഴിക്കുന്നത് നല്ല രീതിയല്ല. നമ്മുടെ വരുമാനമെത്ര, എന്തൊക്കെയാണ് ചിലവുകള്‍, ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തൊക്കെ എന്നത് സംബന്ധിച്ച് വ്യക്തമായ ആസൂത്രണം ആവശ്യമാണ്. ഇതുവഴി നമുക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുവാനും അത്പ്രകാരം നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കുവാനും സാധിക്കും.
വരുമാനമറിഞ്ഞ് ജീവിക്കാം
സാമാന്യം വലിയൊരു തുക ഓരോ മാസവും വരുമാനമായി ലഭിക്കുമ്പോഴും പലര്‍ക്കും വലിയ തുകയുടെ വായ്പാ ബാധ്യതകളും കാണാവുന്നതാണ്. നമ്മുടെ വരുമാനം എങ്ങനെ ചിലവഴിക്കണമെന്നുള്ള കൃത്യമായ ആസൂത്രണത്തിന്റെ അഭാവമാണ് ഇതിന്റെ കാരണം. പലപ്പോഴും വരുമാനത്തില്‍ കൂടുതല്‍ ചിലവഴിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അത് നമ്മള് അറിയുന്നുകൂടിയുണ്ടാവില്ല എന്നതാണ് അതിലേറെ രസകരം. നിങ്ങളേക്കാള്‍ കുറവ് ശമ്പളം വാങ്ങിക്കുന്ന വ്യക്തി ബാധ്യതകളില്ലാത്ത കുറേക്കൂടി സാമ്പത്തിക ഭദ്രതയുള്ള ജീവിതം നയിക്കുന്നതും നിങ്ങള്‍ കാണുന്നുണ്ടാവാം. അവരുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ഫലമാണത്. അതായത് വരുമാനം അറിഞ്ഞ് ജീവിക്കുക. സാമ്പത്തിക അച്ചടക്കത്തിലൂടെ നമുക്കെത്ര വരുമാനം ഉണ്ട്, ഒരു മാസത്തെ ചിലവെത്ര എന്നതിനെ പറ്റി ബോധ്യമുണ്ടാകാന്‍ സാധിക്കും. നമ്മുടെ വരുമാനത്തിലൂന്നി നിന്ന് കൊണ്ട് ബഡ്ജറ്റ് ഉണ്ടാക്കുവാനും ഇതിലൂടെ സാധിക്കും. അധികമായി നടത്തുന്ന ചിലവുകളും അനാവശ്യ ചിലവുകളും ഇതിലൂടെ കണ്ടെത്തുവാനും അതിനനുസരിച്ച് ചിലവുകള്‍ ക്രമീകരിക്കുവാനും സാധിക്കും.
By Nimisha P
admin bpp