നമ്മുടെ നാട്ടിലേക്കു മരച്ചീനി ഭക്ഷണമായി കയറി വന്നതെങ്ങനെ?
കപ്പക്കിഴങ്ങ്, പൂളക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ്, മാത്തോക്ക്, മരച്ചീനി എന്നിങ്ങനെ കേരളത്തില്‍ തന്നെ പല പേരില്‍ അറിയപ്പെടുന്ന ആഹാരമാണിത്. വടക്കൻ കേരളത്തിൽ കപ്പയെ ‘പൂള’ തൃശൂർ ഭാഗത്തു ‘കൊള്ളി’ എന്നുമാണ് പറയുന്നത്. പഴയ കാലത്ത്, അരിയുടെ കുറവ് കപ്പയാണ് നികത്തിയിരുന്നത്. അതു കൊണ്ടു തന്നെ, കപ്പയ്ക്ക് ഇപ്പോളുള്ള അന്തസ്സൊന്നും പഴയകാലത്ത് ഇല്ലായിരുന്നു കേട്ടോ? പട്ടിണിയുടെ പ്രതീകമായാണ് പണ്ട് കപ്പയെ കണ്ടിരുന്നതു.എന്നാൽ ഇപ്പോൾ സ്ഥിതി മാറി . സമ്പന്നരുടെ തീൻ മേശകളിലും വിരുന്നുകളിലും പാവം മരച്ചീനി വിഭവങ്ങൾ പുതു പുതു രൂപങ്ങളണിഞ്ഞ് തീന്മേശയിൽ എത്താറുണ്ട്..മരച്ചീനിയുടെ ശാസ്ത്രീയനാമം Manihot esculanta(മാനിഹോട്ട് എസ്കുലാൻറാ) എന്നാണ്. ആവണക്ക്, റബ്ബർ എന്നിവ ഉൾപ്പെടുന്ന യൂഫോർബിയേസീ എന്ന സസ്യ കുടുംബത്തിലെ അംഗമാണ് മരച്ചീനി. നമ്മുടെ ഇഷ്ട ഭക്ഷണമാണെങ്കിലും, മരച്ചീനി കേരളത്തിൽ എത്തിയിട്ട് അധികം നാൾ ആയിട്ടില്ല. പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസ്കാരാണ് മരച്ചീനി അവരുടെ കോളനി ആയിരുന്ന ബ്രസീലിൽ നിന്ന് കേരളത്തിൽ കൊണ്ടുവന്നത്. പക്ഷെ മരച്ചീനികൃഷി ആകാൻ പിന്നെയും സമയം എടുത്തു.
നമ്മുടെ ഒരു തനതു വിളയല്ല മരച്ചീനി. മരച്ചീനിയുടെ ജന്മദേശം ബ്രസീലാണ്. അവിടെയാണ് ഏറ്റവുമധികം ഇനം കപ്പകളും കാട്ടുകപ്പയും കാണപ്പെടുന്നത്. പോര്‍ത്തുഗീസ്കാരുടെ വരവോടെയാണ് ഏഷ്യ ഭൂഖണ്ഡത്തിൽ കപ്പകൃഷി തുടങ്ങിയത്. 1740 ൽ മൌറീഷ്യസിൽ മരച്ചീനി കൃഷി ചെയ്തിരുന്നതായി കാണുന്നു. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും ഇന്ത്യ, ശ്രീലങ്ക, ജാവാ, ചൈനാ, ഫിലിപ്പീൻസ്, മലേഷ്യ, തായ്വാൻ, തായ്ലൻഡ് എന്നിവിടങ്ങളിൽ ഈ കൃഷി വ്യാപകമായികഴിഞ്ഞു.
കേരളത്തിലെത്തിയത്
കേരളത്തിൽ കൃഷി ചെയ്തുവരുന്ന കിഴങ്ങുവിളകളിൽ സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനമാണ് കപ്പയ്ക്കുള്ളത്. ദേശീയ ഉത്പാദനത്തിൽ 54% ആണ് കേരളത്തിന്റെ സംഭാവന.മലബാറിലായിരുന്നു പോര്‍ച്ചുഗീസുകാരുടെ നേതൃത്വത്തില്‍ മരച്ചീനി കൃഷി ആദ്യകാലത്ത് നന്നായി നടന്നിരുന്നത്.
1880 മുതൽ 1885 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവാണ് മരച്ചീനികൃഷി കേരളത്തിൽ വ്യാപകമാക്കിയത്. അദ്ദേഹത്തിന്റെ സ്മരണക്കായ്ക്കായി ശ്രീവിശാഖം എന്നൊരിനം മരച്ചീനിയും പ്രചാരത്തിൽ ഉണ്ട്. തിരുവിതാംകൂറിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ അന്നജ സമ്പുഷ്ടമായ മരച്ചീനിക്ക് പറ്റിയേക്കും എന്ന് തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ടായിരുന്ന കേണല്‍ ഹെൻറി സ്റ്റീൽ ഓൽകോട്ട് അഭിപ്രായപ്പെട്ടുവത്രെ. വിശാഖം തിരുനാൾ രാമവർമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഓൽകോട്ട് ആണ് ബ്രസീലില്‍നിന്നും മുന്തിയ ഇനം മരച്ചീനി കമ്പ് കൊണ്ടുവന്ന് കൊടുത്തത്. മലയ തുടങ്ങിയ ദേശങ്ങളിൽ നിന്നും പുതിയ ഇനം മരച്ചീനികൾ മഹാരാജാവ് കേരളീയർക്കു പരിചയപ്പെടുത്തി.
രണ്ടാം ലോകമഹായുദ്ധനാളുകളിലെ ക്ഷാമകാലത്ത് (1939-45) ബർമ്മയിൽ നിന്നും അരി ഇറക്കുമതി നിലച്ചപ്പോൾ തിരുവിതാംകൂറിൽ പ്രധാനഭക്ഷ്യവിഭവം മരച്ചീനിയായിരുന്നു.തിരുവനന്തപുരത്തെ ജവഹര്‍നഗര്‍ എന്ന സ്ഥലത്താണ് വിശാഖം തിരുനാൾ രാമവർമ്മ ആദ്യ കപ്പകൃഷി നടത്തിയതത്രെ. ജവഹർ നഗർ അക്കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് മരച്ചീനി വിള എന്നായിരുന്നു
മരച്ചീനി, മധുരക്കിഴങ്ങ് (ചക്കരക്കിഴങ്ങ്) എന്നിവ മുഖ്യ ഭക്ഷ്യയിനമായി അടുത്തകാലം വരെ മിക്ക മലയാളി കുടുംബങ്ങളും ഒരു നേരമെങ്കിലും ഉപയോഗിച്ചിരുന്നു. കഞ്ഞിയും പുഴുക്കുമായിരുന്നു നമ്മുടെ പ്രധാന ഭക്ഷണം. പുഴുക്കിലെ പ്രധാന ചേരുവകള്‍ ഏതെങ്കിലുമൊരു കിഴങ്ങുവിളയായിരുന്നു. മത്തി കപ്പ മുളക് ചമ്മന്തി ഒരു ഉഗ്രൻ കോമ്പോ ആണ്
കപ്പ(മരച്ചീനി)യിൽ വിഷമുണ്ടോ?
ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ മരച്ചീനി മാത്രമായാൽ പോഷകഗുണം കുറഞ്ഞ ഒരു ആഹാരവസ്തുവായാണ് കണക്കാക്കപ്പെടുന്നത്. മാംസ്യത്തിന്റെ അളവ് വളരെക്കുറവുള്ള ഒരു ഭക്ഷ്യവസ്തുവാണ് കപ്പ. അതില്‍ ഏകദേശം 59 ശതമാനം വെള്ളവും അന്നജം 38-39 ശതമാനവും ആണുള്ളതെങ്കില്‍ ആകെ മാംസ്യത്തിന്റെ..അളവ് 0.7% മാത്രമാണ്. വളരെ കുറഞ്ഞ തോതില്‍ മാത്രം ജീവകം സി കാണപ്പെടുന്നു.
കൂടാതെ കപ്പയിലെ ‘കട്ട്’ ആണ് ഭക്ഷ്യവസ്തു എന്ന നിലയിൽ ഉള്ള മറ്റൊരു പോരായ്മ. പച്ചക്കപ്പയിൽ ലിനാമാറിൻ,ലോട്ടയുസ്ത്രാലിൻ എന്നീ രണ്ട് ഗ്ലൈകോസൈഡുകളാണ് പ്രധാനം. ഇവയിൽ നിന്ന് ഹൈഡ്രോസയനിക് ആസിഡ് അല്പാംശമായി ഉണ്ടാകുന്നതാണ് കപ്പയിലെ കട്ട്. തിളപ്പിച്ച് ഊറ്റുമ്പോൾ ഈ വിഷാംശം ഏറെക്കുറെ മാറ്റപ്പെടുന്നു.
മരച്ചീനിയുടെ പ്രാധാന്യം
മരച്ചീനി പുതുപുതുരൂപങ്ങളണിഞ്ഞ് തീന്മേശയിൽ എത്താറുണ്ട്. വ്യവസായിക പ്രാധാന്യമുള്ള മരച്ചീനിയുടെ നൂറാണ് റൊട്ടി നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. കേക്ക്,മിഠായി,ഇവയുടെ നിർമ്മാണത്തിലും മരച്ചീനിനൂറിന്റെ ഉപയോഗം ഉണ്ട്. സ്പഗത്തി,നൂഡിത്സ് തുടങ്ങിയ ഉല്പന്നങ്ങൾ മരച്ചീനിമാവിൽനിന്നും ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ മരച്ചീനിയുടെ വലിയ ഒരു വ്യവസായിക ഉപയോഗം കന്നുകാലിത്തീറ്റ നിർമ്മാണരംഗത്ത് ഉണ്ടായിട്ടുണ്ട്.മരച്ചീനി ചേർത്ത തീറ്റ നൽകുന്ന പശുക്കൾ കൂടുതൽ പാലുല്പാദിപ്പിക്കുന്നതായി നിരീക്ഷണങ്ങൾ തെളിയിക്കുന്നു.
ഭക്ഷ്യ,പേപ്പർ,എണ്ണ,തുണി വ്യവസായങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുള്ളതാണ്. ആൽക്കഹോൾ,ഗ്ലൂ നിർമ്മാണത്തിന് ആവശ്യമായ ഡെക്സ്റ്റ്രിൻ കപ്പയുടെ മാവിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇതു കൂടാതെ മരച്ചീനിമാവ് ഉപയോഗിച്ച് ഹൈ ഫ്രക്ടോസ് സിറപ്പ് (high fructose syrup),എറിത്ത്രിറ്റോൾ മുതലായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നു. സംസ്ഥാനത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ പഴയ പദ്ധതിയായിരുന്നു മരച്ചീനിചാരായം. പൊതുജനാഭിപ്രായം എതിരായിരുന്നത് കൊണ്ട് ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു
admin bpp