മഞ്ഞണിഞ്ഞ മലനിരകൾക്കരികിലൂടെ… |
വളഞ്ഞു പുളഞ്ഞ് മൂന്നാറിലേയ്ക്ക്.. |
പച്ചപുതച്ച തേയിലക്കാടുകൾ….. |
വികസനം വിഴുങ്ങുന്ന മൂന്നാർ.. |
ആനമല – ഒരു വിദൂരക്കാഴ്ച |
മഞ്ഞും, മലയും, പുൽമേടും…. |
റോഡോഡെൻഡ്രോൺ പൂക്കൾ.. |
പുകയുന്ന മലനിരകൾ….. |
മലമുകളിലേയ്ക്ക്…… |
ജോണിയും, അരുണും… |
ചിന്തകൾക്കൊപ്പം നടന്നുനീങ്ങിയ ഞങ്ങൾ എത്തിച്ചേർന്നത് ഒരു മലയുടെ അടിവാരത്തിലാണ്… ഏതാണ്ട് 100 അടിയിലേറെ ഉയരത്തിൽ ചെരിഞ്ഞുകിടക്കുന്ന ഒരു പാറക്കെട്ടും, അതിനും മുകളിലായി കോടമഞ്ഞിൽ തലയൊളിപ്പിച്ച് നിൽക്കുന്ന ഒരു കൂറ്റൻ മലയും… മലയുടെ മുകളിൽനിന്നും, മഞ്ഞിന്റെ കുളിരുമായി ഒഴുകിയെത്തുന്ന ഒരു കാട്ടരുവി, പാറക്കെട്ടിനുമുകളിലൂടെ ചെറുവെള്ളച്ചാട്ടമായി താഴേയ്ക്ക് പതിയ്ക്കുന്നു. അരുവിയിൽ നീരൊഴുക്ക് കുറവായിരുന്നുവെങ്കിലും, കോടമഞ്ഞിന്റെയും, മലനിരകളുടെയും, പുൽമേടുകളുടെയും പശ്ചാത്തലത്തിൽ മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നുവെന്ന് നിസംശയം പറയാം.. “സാധാരണഗതിയിൽ സഞ്ചാരികൾ ഈ വഴിയ്ക്ക് വരാറില്ല.. നിങ്ങൾ മടുപ്പില്ലാതെ നടക്കാൻ തയ്യാറായതുകൊണ്ടാണ് ഞാൻ ഈ വഴിയ്ക്ക് കൊണ്ടുവന്നത്….”വളർന്നു നിൽക്കുന്ന പുൽക്കുറ്റികളിൽ ചവിട്ടി മുകളിലേയ്ക്ക് കയറുന്നതിനിടയിൽ അരുൺ പറഞ്ഞു. പാറക്കെട്ടിന്റെ പകുതിദൂരം പിന്നിടുവാൻ വളരെ എളുപ്പമായിരുന്നു….. അവിടെനിന്നും ആരംഭിയ്ക്കുന്ന കുത്തനെയുള്ള കയറ്റം കയറുകയെന്നത്, സാഹസികവും തീർത്തും അപകടകരമാവുമാണ്.. അതിനാൽ പാറക്കെട്ടിന്റെ മധ്യത്തിലുള്ള, നിരപ്പായ ഭാഗത്തിരുന്ന് അല്പസമയം വിശ്രമിച്ച്, ആവശ്യത്തിന് ചിത്രങ്ങളും പകർത്തിയശേഷമാണ് ഞങ്ങൾ മലകയറുവാൻ ആരംഭിച്ചത്.
പാറക്കെട്ടിൽനിന്നും തിരികെയിറങ്ങി, പുൽമേടുകളിൽക്കൂടി അല്പം കറങ്ങി നടന്നാൽ മലയുടെ മുകളിൽ എത്താമെങ്കിലും, ഞങ്ങൾ കുത്തനെ കിടക്കുന്ന പാറക്കെട്ടുവഴിതന്നെയാണ് മുകളിലേയ്ക്ക് കയറിയത്.. ക്യാമറകളും, ബാഗും, ഷൂസുമൊക്കെ കൈയിൽ പിടിച്ച്, അല്പം സാഹസികമായി, മുകളിലേയ്ക്കുള്ള കയറ്റം ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു… പാറക്കെട്ടിന്റെ മുകളിൽകയറി താഴേയ്ക്ക് നോക്കുമ്പോൾ, കാൽച്ചുവട്ടിൽ പരന്നുകിടക്കുന്ന ചോലവനങ്ങളും, അതിനുമപ്പുറം കോടമഞ്ഞിനുള്ളിലേയ്ക്ക് ലയിച്ചു പോകുന്ന തേയിലത്തോട്ടങ്ങളും…… തലയ്ക്കു മുകളിലായി കൂറ്റൻ കരിമ്പാറക്കെട്ടുകൾ….. രണ്ടു മലകൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗത്തുകൂടിയാണ് അരുവി, ഒഴുകിയിറങ്ങിവരുന്നത്. സ്ഫടികതുല്യമായ വെള്ളം കുടിച്ച്, മുഖമൊന്നു കഴുകിയപ്പോഴേയ്ക്കും നീണ്ട നടപ്പിന്റെ ക്ഷീണം പോയിമറഞ്ഞു… ഒപ്പം നനുത്ത മഞ്ഞിൻപാളികൾ, മേഘങ്ങൾപോലെ താണിറങ്ങി, സുഖമുള്ളൊരു കുളിരായി ശരീരത്തിലേയ്ക്ക് അരിച്ചുകയറുന്ന അനുഭവവും… ആ സുഖത്തിൽ മുഴുകി അല്പസമയം അവിടെ ചിലവഴിച്ചശേഷം ഞങ്ങൾ യാത്രതുടർന്നു…..
പുൽമേടുകളിൽനിന്നൊരു താഴ്വരക്കാഴ്ച…. |
മഞ്ഞിന്റെ കുളിരിൽ അല്പം വിശ്രമം…. |
അരുവിക്കരയിൽനിന്നുമുള്ള യാത്രയിൽ, ചെരിഞ്ഞുകിടക്കുന്ന ഒരു പാറയിൽക്കൂടിയുള്ള ഇറക്കമായിരുന്നു ഏറെ ദുഷ്കരം… പാറയിൽ ഉറപ്പിച്ചിരിയ്ക്കുന്ന കമ്പികളിൽ ചവിട്ടിയും, തൂങ്ങിയും വേണം താഴേയ്ക്ക് ഇറങ്ങുവാൻ….. കാലൊന്നു തെന്നിയാൽ അഗാധമായ കുഴിയിലേയ്ക്കായിരിയ്ക്കും ചെന്ന് പതിയ്ക്കുക… അല്പം കഷ്ടപ്പെട്ടാണെങ്കിലും, സുരക്ഷിതമായി താഴെ ഇറങ്ങിയശേഷം നീളൻപുല്ലുകളും, പന്നൽക്കാടുകളും, കുറിഞ്ഞിച്ചെടികളും നിറഞ്ഞുനിൽക്കുന്ന മലഞ്ചെരിവുകളെ മുറിച്ചുകടന്ന് ഞങ്ങൾ യാത്രതുടർന്നു….. ഉരുളൻ കല്ലുകൾനിറഞ്ഞ വഴിയിലൂടെ, കുറ്റിക്കാടുകളെ വകഞ്ഞുമാറ്റി 10 മിനിറ്റോളം നടന്നശേഷം, ഞങ്ങൾ മറ്റൊരു മലയുടെ അടിവാരത്തിലെത്തി…
ഇവിടെനിന്നും കഷ്ടിച്ച് അരകിലോമീറ്റർ പിന്നിട്ടാൽ രാജമലയിലേയ്ക്കുള്ള പാതയിൽ എത്തുമെങ്കിലും, യാത്രയിലെ ഏറ്റവും ദുർഘടമായ, ഭാഗമാണ് ഇവിടെനിന്നും ആരംഭിയ്ക്കുന്നത്… അതുകൊണ്ടുതന്നെ സന്ദർശകർ കാര്യമായ വിശ്രമമെടുത്തശേഷമാണ് ഇവിടെനിന്നുള്ള യാത്ര ആരംഭിയ്ക്കുന്നത്… അത് വ്യക്തമാക്കുന്ന ഒരു കാഴ്ചകൂടി അവിടെ ഞങ്ങൾക്കു കാണുവാൻ സാധിച്ചു…. യാത്രക്കാർ ഉപേക്ഷിച്ച ശീതളപാനീയക്കുപ്പികളും, ബിസ്കറ്റ് പായ്കറ്റുകളും, പ്ലാസ്റ്റിക് കവറുകളും മലയുടെ അടിവാരത്തിൽ ചിതറിക്കിടക്കുന്നു….. പരിസ്ഥിതിയുടെ ആത്മാവിനെ നശിപ്പിയ്ക്കുന്നതിൽ പ്രധാനപങ്കുവഹിയ്ക്കുന്ന പ്ലാസ്റ്റിക് എന്ന മാരകവസ്തു, അപൂർവ്വമായ ജൈവവൈവിധ്യം നിറഞ്ഞ ഒരു വന്യമൃഗസങ്കേതത്തിനുള്ളിൽ ചിതറിക്കിടക്കുന്ന കാഴ്ചയെ “നിരുത്തരവാദിത്വപരമായ ടൂറിസം വികസനത്തിന്റെ ഒരു നേർക്കാഴ്ച” എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിയ്ക്കുക..? ഉപ്പിന്റെ അംശം നിറഞ്ഞ പ്ലാസ്റ്റിക്കൂടുകൾ തിന്ന് മാനും, ആനയും ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്നത് പല വന്യമൃഗസങ്കേതങ്ങളിലും വളരെ മുൻപേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്.. അത്യപൂർവ്വജീവികളിലൊന്നായ വരയാടുകളുടെ ഏറ്റവും വലിയ സംരക്ഷണകേന്ദ്രത്തിൽനിന്നും, അങ്ങനെയൊരു വാർത്ത വരുന്ന ദിനവും വിദൂരമായിരിയ്ക്കില്ല എന്ന മുന്നറിപ്പാണ് ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാണിയ്ക്കുന്ന്ത്…
വിശ്രമം അവസാനിപ്പിച്ച് ഞങ്ങൾ മലകയറ്റം ആരംഭിച്ചു…ഇളകിക്കിടക്കുന്ന കല്ലുകളും, കുത്തനെയുള്ള കയറ്റവും…”കഴിഞ്ഞ ദിവസം എത്തിയ ഉത്തരേന്ത്യൻ യാത്രക്കാരെ മുകളിലെത്തിയ്ക്കുവാൻ കൂടുതൽ വാച്ചർമാർ രാജമലയിൽനിന്നെത്തേണ്ടിവന്നു….. പലരേയും ഞങ്ങൾ ചുമന്നാണ് മുകളിലെത്തിച്ചത്. ” അരുൺ പറഞ്ഞു. മലകയറി അല്പമെങ്കിലും ശീലമുള്ള സാധാരണ യാത്രികർപോലും ഇത്രയും കുത്തനേ കിടക്കുന്ന മലകളിൽ തളർന്നുപോവുക സ്വഭാവികം. പിന്നെ സമതലഭുമികളിലെ അനുഭവസമ്പത്തുമായി എത്തുന്ന ഉത്തരേന്ത്യൻ യാത്രികരുടെ കാര്യം പറയണോ…
മുകളിലേയ്ക്ക് കയറിയെത്തുമ്പോൾ വഴിയോരങ്ങളിൽ കുറിഞ്ഞിച്ചെടികൾ ധാരാളം… വീശിയടിയ്ക്കുന്ന കാറ്റിൽ വരയാടുകളുടെ ചൂര് ….” മുകളിലെ പാറക്കെട്ടുകളിലേയ്ക്ക് നോക്കി നടന്നോളൂ. ചിലപ്പോൾ വരയാടുകളെ കാണാം. ധാരാളം വരയാടുകളെ കാണുന്ന ഒരു സ്ഥലമാണിത്. ” ഇരുവശത്തും ഉയർന്നു നിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകളെ ചൂണ്ടിക്കാട്ടി അരുൺ പറഞ്ഞു. അല്പസമയം വഴിയിലിരുന്ന് മടുപ്പ് അകറ്റുന്നതിനിടെ, ഞങ്ങൾ പാറക്കെട്ടുകളിലൂടെ സൂക്ഷ്മനിരീക്ഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം…
ഇപ്പോൾ ഞങ്ങൾ പ്രധാനവഴിയുടെ സമീപത്തെത്തിയിരുന്നു….. താഴ്വരയിലേയ്ക്ക് നോക്കുമ്പോൾ നടന്നുതീർത്ത വഴികളും, കാടുകളും കോടമഞ്ഞിൽ മൂടിക്കഴിഞ്ഞിരിയ്ക്കുന്നു….. നോക്കിനിൽക്കെ മേഘക്കീറുകൾപോലെയുള്ള മഞ്ഞിൻപുതപ്പുകൾ താഴ്വരയിൽനിന്നും ഉയർന്നു വരുവാൻ തുടങ്ങി… സമീപത്തെ മലനിരകളെയും, കാൽച്ചുവട്ടിലെ പുൽച്ചെടികളെയും പുതപ്പിച്ച് തൂമഞ്ഞിൻ പാൽക്കടൽ ഒഴുകിയെത്തുമ്പോൾ, ആകാശഗോപുരങ്ങൾക്കു മുകളിലൂടെ പിച്ചവച്ചുനടക്കുന്നതുപോലെയുള്ള അനുഭൂതിയും, ആഹ്ലാദവുമാണ് മനസ്സിൽ നിറയുന്നത്……. മറ്റേതോ ലോകത്തിൽ എത്തിച്ചേർന്ന പ്രതീതി…… ആ കാഴ്ചകളെയും, അനുഭവങ്ങളെയും മനസ്സിൽ ഒളിപ്പിച്ച്, മഞ്ഞിൻപുതപ്പ് പുതച്ച്, പുൽനാമ്പുകൾ ഞങ്ങൾക്കായി കാത്തുസൂക്ഷിച്ച തുഷാരബിന്ദുക്കളുടെ കുളിരിൽ മുങ്ങി ഞങ്ങൾ പ്രധാന വഴിയിലേയ്ക്ക് കയറി.. അവിടെ ഞങ്ങളെ സ്വാഗതം ചെയ്യുവാനെന്നോണം ഒരു മനോഹരദൃശ്യം കാത്തുനിൽക്കുന്നുണ്ടായിരുന്നു…. കുറിഞ്ഞിക്കാടുകളുടെ ഇടയിലൂടെ അലസമായി മേഞ്ഞു നടക്കുന്ന മൂന്ന് വരയാടുകൾ… സമീപത്തെ പാറയിൽ സന്ദർശകരെ നോക്കിക്കിടക്കുകയാണ് മറ്റൊരെണ്ണം…. ഏറെക്കാലത്തിനുശേഷം ഇവിടെ എത്തിച്ചേരുമ്പോൾ ലഭ്യമായ, രാജമലയിലെ വരയാടുകളുടെ ആദ്യദൃശ്യം…. ഈ ഭാഗങ്ങളിൽ സന്ദർശകരുടെ ശല്യമില്ലാത്തതിനാൽ തീർത്തും അലസമായിട്ടായിരുന്നു അവയുടെ യാത്ര…. ഏറെ നേരം അവയുടെ കാഴ്ചകൾ ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും ഞങ്ങൾ അവിടെ ചിലവഴിച്ചു… ആവശ്യമായതിലും ഏറെ ചിത്രങ്ങൾക്കായി നിന്നുതന്നതിനുശേഷം, അവ കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലേയ്ക്ക് കയറിത്തുടങ്ങിയതോടെ, ഞങ്ങളും അല്പം ദൂരെയുള്ള ഇൻഫോർമേഷൻ സെന്ററിന്റെ കാഴ്ചകളിലേയ്ക്ക് നടന്നു.
കുറിഞ്ഞിച്ചെടികൾ…. |
വരയാട്. |
Shibu Thovala
admin bpp